ന്യൂഡൽഹി: ഒറ്റ ദിവസം രാജ്യതലസ്ഥാനത്ത് 100 സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഐസിസ് ദമ്പതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. ജമ്മു കാശ്മീർ സ്വദേശികളായ ജഹൻജേബ് സമി, ഭാര്യ ഹീന ബഷീർ ബെയ്ഗ് തുടങ്ങിയവരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഐസിസുമായി ബന്ധമുണ്ടാക്കി രാജ്യത്ത് ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി ഡൽഹിയിൽ ഒറ്റ ദിവസം 100 സ്ഫോടനം നടത്താനുള്ള പദ്ധതി ഇവർ ആസൂത്രണം ചെയ്തിരുന്നു.
സമി ബിടെക്, എംബിഎ ബിരുദധാരിയാണ്. ഒരു ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ജോലി നോക്കവെയാണ് ഇയാൾ ഡൽഹിയിലെത്തിയത്. കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദവും എംബിഎ ബിരുദവും നേടിയാളാണ് ഹീന ബെയ്ഗ്. പൗരത്വഭേദഗതി ബിൽ വന്നതോടെ ഇരുവരും വീടിന് പുറത്തിറങ്ങാതെയായി.
ഈ സമയം അഫ്ഗാനിസ്ഥാനിലും സിറിയയിലുമുള്ള ഐസിസ് നേതാക്കളുമായി ഇവർ ഓൺലൈനിൽ ബന്ധപ്പെടുകയും അവരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കാനും തുടങ്ങിയിരുന്നു. ഹന്നബീ, ഖതീജ അൽ കശ്മീരി എന്നീ പേരുകളിലാണ് ഹീന സൈബർ ലോകത്ത് പ്രവർത്തിച്ചത്. സമി പ്രവർത്തിച്ചത് സയിബ്, അബു അബ്ദുള്ള, അബ്ദുള്ള മുഹമ്മദ് അൽ ഹിന്ദ് എന്നീ പേരുകളിലാണ്. 2019ൽ തുടങ്ങിയ ഇവരുടെ പ്രവർത്തനം ഡൽഹി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉടനെ കണ്ടെത്തി. 2020 മാർച്ച് എട്ടിന് ഇവർ അറസ്റ്റിലായി.
ഈ കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നാല് വർഷത്തിന് ശേഷമാണ് കോടതി ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. വിവിധ വകുപ്പുകളിലായി മൂന്ന് മുതൽ 20 വർഷം വരെ തടവ്ശിക്ഷ സമിക്ക് ലഭിച്ചു. ഹീന ബെയ്ഗിന് ഏഴ് വർഷം വീതമുള്ള രണ്ട് ശിക്ഷ ലഭിച്ചു.സിഎഎ, എൻ ആർ സി പ്രതിഷേധങ്ങളിൽ യുവാക്കളെ പ്രകോപിപ്പിച്ച് രംഗത്തിറക്കിയതിൽ ഇരുവർക്കും പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

