കവരത്തി: ലക്ഷദ്വീപിനും മംഗളൂരുവിനും ഇടയിൽ അതിവേഗ ഫെറി സേവനം ആരംഭിച്ചു. പുതിയ ഫെറി സർവ്വീസ് മംഗളൂരുവിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാസമയം വലിയ രീതിയിൽ കുറയ്ക്കും. അഞ്ച് മണിക്കൂറാണ് യാത്രാസമയം കുറയ്ക്കുന്നത്. പരളി എന്നാണ് ഫെറി സർവ്വീസിന് നൽകിയിരിക്കുന്ന പേര്.
മേയ് മൂന്നിന് ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് എത്തിയ ഫെറിയിൽ 160 യാത്രക്കാർ ഉണ്ടായിരുന്നു. വെറും ഏഴു മണിക്കൂർ കൊണ്ടാണ് ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലേക്കു ഫെറി എത്തിയത്. നേരത്തെ ഇതേ പാതയിൽ യാത്ര പൂർത്തിയാക്കാൻ 13 മണിക്കൂർ വേണ്ടി വന്നിരുന്നു.
ട്രയൽ റണ്ണുകൾക്കു ശേഷം മംഗളൂരു – ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനർ സേവനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപ് ഐലൻഡ്‌സ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി. എന്നാൽ, മൺസൂൺ ആരംഭിച്ചു കഴിഞ്ഞാൽ കടൽ പ്രക്ഷുബ്ധമാകുമെന്ന ആശങ്കയും അധികൃതർമുന്നോട്ടുവെയ്ക്കുന്നുണ്ട്.
കഡ്മട്ടിലെ റിസീവിങ് പോയിന്റിലെ സൗകര്യങ്ങൾ ലക്ഷദ്വീപ് ഐലൻഡ്‌സ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി നവീകരിച്ചു.

