തിരുവനന്തപുരം: തൃശൂരിൽ പാർട്ടി അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താൽപര്യത്തിൽ ഇ ഡി നടത്തിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമങ്ങൾ ഇതിനെ തെറ്റായി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡിയും ഇൻകം ടാക്സ് വകുപ്പും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് നിരധിയായ ഇടപെടലാണ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പോലും കേരളത്തിലും തൃശൂരും നടത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ദുർബലപ്പെടുത്താൻ ഉന്നംവച്ചുകൊണ്ടാണ് ഈ നടപടികളെല്ലാം. ന്യായമായ കാര്യം വാർത്തയാക്കി പ്രചരിപ്പിക്കുന്നതിനോട് വിയോജിപ്പില്ല. എന്നാൽ തികച്ചും തെറ്റായ കാര്യങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ പാർടിക്കെതിരായി പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
കൃത്യമായ കണക്കുകൾ ആദായ നികുതി വകുപ്പിന് നൽകുന്ന പാർട്ടിയാണ് സിപിഎം. രാജ്യത്ത് സിപിഐഎമ്മിന് ഒറ്റ പാൻ നമ്പർ ആണ് ഉള്ളത്. AAATC0400A ആണ് പാൻ നമ്പർ. പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യയിൽ ആണ് അക്കൗണ്ട് ഉള്ളത്. പാർട്ടി അക്കൗണ്ടിന്റെ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയത് ബാങ്ക് ഓഫ് ഇന്ത്യയാണ്. ബാങ്ക് അധികൃതർ T ക്കു പകരം J എന്നാണ് പാൻ നമ്പർ രേഖപ്പെടുത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി ബാങ്കിന് പാർടി ജില്ലാ സെക്രട്ടറി കത്തയച്ചു. പിന്നീട് ബാങ്ക് അധികൃതർ തന്നെ ഇക്കാര്യത്തിൽ ബാങ്കിന് വീഴ്ച സംഭവിച്ചതായി സമ്മതിച്ചു. 2024 ഏപ്രിൽ 18 ന് തങ്ങൾക്ക് സംഭവിച്ച തെറ്റ് സമ്മതിച്ച് പാർടി തൃശൂർ ജില്ലാ സെക്രട്ടറിക്ക് ബാങ്ക് കത്തും നൽകി.
മാർച്ച് 5 ന് ആദായ നികുതി ഉദ്യോഗസ്ഥർ അക്കൗണ്ട് മരവിപ്പിച്ചു. പിൻവലിച്ച പണം ചിലവാക്കരുത് എന്നും ആവശ്യപ്പെട്ടു. നിയമാനുസൃതം നടത്തിയ ഇടപാട് തടയുന്നത്തിന് ആദായ നികുതി വകുപ്പിന് അവകാശം ഇല്ല. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് വേറെ ഒരു ചർച്ച വേണ്ട എന്നത് കൊണ്ട് പണം ചിലവാക്കിയില്ല. പിന്നീട് ഏപ്രിൽ 30 ന് പണവുമായി ബാങ്കിൽ എത്താൻ ഇൻകം ടാക്സ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പണവുമായി ബാങ്കിൽ എത്തുകയും ചെയ്തു. ഇതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ദുർബലപ്പെടുത്താൻ ഉന്നംവച്ചുകൊണ്ടാണ് ഈ നടപടികളെല്ലാം. എന്നാൽ തികച്ചും തെറ്റായ കാര്യങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ പാർടിക്കെതിരായി പ്രചരിപ്പിക്കുകയാണ്. ഇത്തരം നീക്കങ്ങളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

