തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ നൽകിയ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. ബസ് ഡ്രൈവറുടെ പരാതിയിൽ അന്വേഷണം നടത്താൻ കമ്മിഷൻ ഉത്തരവിട്ടു. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച പരാതിയിൽ കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒയ്‌ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിട്ടു.
അതേസമയം, മെയ് ഒമ്പതിന് തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നേമം സ്വദേശി എൽ എച്ച് യദു സമർപ്പിച്ച പരാതിയിലാണ് നടപടി. ആര്യ രാജേന്ദ്രൻ, കെ എം സച്ചിൻദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവർക്കെതിരെയാണ് പരാതി.
ഇവർ ഏപ്രിൽ 27-ന് യദു ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്നെ അസഭ്യം പറയുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തുവെന്നും യദു ആരോപിക്കുന്നു.

