ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫിന് പിന്തുണ അറിയിച്ച് യാക്കോബായ സഭ

കോട്ടയം: എൽഡിഎഫിന് പിന്തുണ അറിയിച്ച് യാക്കോബായ സഭ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യാക്കോബായ സഭ എൽഡിഎഫിന് പിന്തുണ അറിയിച്ചത്. പ്രശ്‌നങ്ങൾ ഉള്ള സഭ എന്ന നിലയിൽ ഒപ്പം നിന്നവരെ സഹായിക്കുക എന്നത് കടമയാണെന്ന് യാക്കോബായ സഭ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.

ഓർത്തഡോക്‌സ് സഭ സമദൂര നിലപാട് തുടരുമെന്നാണ് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനും പ്രതികരിച്ചു. സഭ തർക്കത്തിൽ പിന്തുണ അറിയിച്ച ചർച്ച് ബില്ല് രൂപീകരണത്തിന് മുൻകൈയെടുത്ത സംസ്ഥാന സർക്കാരിനൊപ്പമെന്നാണ് യാക്കോബായ സഭ അറിയിച്ചത്. തർക്കപരിഹാരത്തിന് മുഖ്യമന്ത്രി നടത്തിയ ഇടപെടലിൽ ഒരു പരിധി വരെ തൃപ്തരാണെന്നും യാക്കോബായ സഭ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.

സംസ്ഥാന ദേശീയ രാഷ്ട്രീയ സംബന്ധിച്ച് പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി മണ്ഡലത്തിൽ സഭാ അംഗമായ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അതേസമയം, ഓർത്തഡോക്‌സ് സഭ സമദൂര നിലപാട് തുടരുമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ചൂണ്ടിക്കാട്ടി.