ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യയുടെ മുന്നേറ്റം ഉയർത്തിക്കാട്ടി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ നടത്തുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വർഷത്തിൽ 40 കോടി രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ജനാധിപത്യം സുതാര്യമല്ലെന്ന് പറയുന്ന ചില രാജ്യങ്ങളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
വികസനത്തെ തടസ്സപ്പെടുത്തുന്നു എന്ന വിശ്വാസത്തിന് വിരുദ്ധമായി, ഇന്ത്യയിൽ വികസനം എത്തിക്കാനുള്ള കഴിവ് ജനാധിപത്യം തെളിയിച്ചിട്ടുണ്ട്. 100 കോടി ജനങ്ങളെ ഉൾപ്പെടുത്തിയുള്ള തടസ്സങ്ങളില്ലാത്ത വോട്ടിംഗ് പ്രക്രിയ ലോകത്തിന് അത്ഭുതമാണ്, നമ്മൾ അഭിമാനിക്കേണ്ട ഒരു നേട്ടമാണത്. പണരഹിത പേയ്മെന്റുകൾക്കായി യുപിഐയുടെ വരവോടെ ഇന്ത്യയുടെ പ്രതിമാസ ഇടപാട് 120 കോടി രൂപയിലെത്തി. യുഎസിന്റെ വാർഷിക ഇടപാടിനെ മറികടക്കുന്നതാണ് നമ്മുടെ മാസത്തെ കണക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2008 ലെ മുംബൈ ആക്രമണത്തിന് ശേഷമുള്ള നയത്തിൽ നിർണായകമായ മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. വലിയ തീവ്രവാദ സംഭവങ്ങളുടെ യുഗം നമുക്ക് പിന്നിലുണ്ട്. ഇന്ന്, ഏത് തീവ്രവാദ പ്രവർത്തനത്തിനും ഇന്ത്യയുടെ പ്രതികരണം ഉണ്ടാകും. ഉറിയിലെ നടപടി ഉദാഹരണമാണെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.

