ന്യൂഡൽഹി: കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ലഭിക്കാനൊരുങ്ങുന്നു. കേരളത്തിലെ എറണാകുളത്തിനും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ ഈ പുതിയ വന്ദേ ഭാരത് ട്രെയിനിന് ഓടാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലെ ജനങ്ങൾക്ക് മാത്രമല്ല കർണാടകയ്ക്കും പുതിയ ട്രെയിൻ പ്രയോജനപ്രദമാകും.
ട്രെയിൻ കോച്ചുകളും കൊല്ലം സ്റ്റേഷനിൽ എത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എറണാകുളത്തെ സ്ഥല പരിമിതി കാരണമാണ് റേക്ക് നിലവിൽ കൊല്ലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. പുതിയ ട്രെയിനിലൂടെ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വെറും ഒമ്പത് മണിക്കൂറിനുള്ളിൽ യാത്രക്കാരെ കൊണ്ട് എത്താൻ സാധിക്കും എന്നാണ് വിവരം.
എന്നാൽ, ട്രെയിനിന്റെ റൂട്ട്, സമയം എന്നിവയെ കുറിച്ച് റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ലഭിച്ചിട്ടില്ല. നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേരളത്തിൽ ഓടുന്നത്. ഒന്ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും മറ്റൊന്ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുമാണ് ഓടുന്നത്.

