പത്തനംതിട്ട: കൺസ്യൂമർ ഫെഡ് റംസാൻ – വിഷു ചന്തകൾക്ക് അനുമതി ലഭിച്ചില്ലെന്ന് വ്യക്തമാക്കി മന്ത്രി വി എൻ വാസവൻ. 280 ചന്തകൾ തുടങ്ങാൻ തീരുമാനിച്ചതാണെന്നും ഇതിനായി ഇലക്ഷൻ കമ്മീഷനോട് അനുമതി തേടിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ കമ്മീഷൻ അനുമതി നിഷേധിച്ചുവെന്നും വി എൻ വാസവൻ ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് കിട്ടുന്ന ഒരു ആശ്വാസമാണ് ഇല്ലാതായത്. മുൻകാലങ്ങളിൽ ഇത്തരം ചന്തകൾക്ക് അനുമതി നൽകിയിരുന്നതാണ്. ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നാളെ ഹർജി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൺസ്യൂമർ ഫെഡ് റംസാൻ – വിഷു ചന്തകൾക്ക് മൂന്നാഴ്ച മുമ്പാണ് അപേക്ഷ നൽകിയത്. അനുമതി നിഷേധിച്ചതിൽ രാഷ്ട്രീയ ഇടപെടൽ സംശയിക്കുന്നുവെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.

