ന്യൂഡൽഹി: രാജ്യത്തെ ഫാക്ടറി ജീവനക്കാർക്കായി താമസസൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതിയിൽ യുഎസ് ഇലക്ട്രോണിക്സ് ബ്രാൻഡായ ആപ്പിൾ. ഇന്ത്യയിൽ 1.5 ലക്ഷം തൊഴിലവസരങ്ങളാണ് ആപ്പിൾ ഇന്ത്യയിൽ ഉല്പാദന ജോലികൾ വർധിപ്പിച്ചതിലൂടെ സൃഷ്ടിച്ചത്. ചൈനയിലും വിയറ്റ്നാമിലും ഇതേ ഇൻഡസ്ട്രിയൽ ഹൗസിങ് മോഡൽ നടപ്പിലാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നാണ് പുറത്തു വരുന്ന വിവരം.
ഫോക്സ്കോൺ, ടാറ്റ, സാൽകോംപ് ഉൾപ്പടെയുള്ള ആപ്പിളിന്റെ കരാർ നിർമാണ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി വീടുകൾ നിർമിക്കുമെന്നാണ് വിവരം. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാവും വീടുകളുടെ നിർമാണം നടക്കുക.
സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത് 78000 വീടുകളിലേറെ നിർമിക്കാനാണ്. തമിഴ്നാട്ടിലാവും ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിക്കുന്നത്. 58000 വീടുകൾ തമിഴ്നാട്ടിൽ നിർമ്മിക്കുമെന്നാണ് വിവരം. ഈ പദ്ധതി യാഥാർത്ഥ്യമായാൽ ഏറ്റവും വലിയ പൊതു-സ്വകാര്യ സംരംഭമാവും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭൂരിഭാഗം വീടുകളുടെയും നിർമാണം നടത്തുക തമിഴ്നാട്ടിലെ സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷനായിരിക്കും. ടാറ്റ ഗ്രൂപ്പും, എസ്പിആർ ഇന്ത്യയും നിർമാണത്തിൽ പങ്കാളിയാവും. കേന്ദ്രസർക്കാരിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ ധനസഹായം ലഭിക്കും. സംസ്ഥാന സർക്കാരുകളും സംരംഭകരുമാണ് ബാക്കി തുക നൽകുന്നത്. 2025 മാർച്ച് 21 തന്നെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

