കണ്ണൂർ: ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിൽ തെറ്റില്ലെന്നും മരണവീട്ടിൽ പോകുന്നത് നമ്മുടെ നാട്ടിൽ സർവ്വസാധാരണയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബോംബിന്റേത് ഇടതുപക്ഷത്തിന്റെ വഴിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ പ്രസ് ക്ളബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ആശയ പ്രചാരണമാണ് ഇടതു പക്ഷത്തിന്റെ ശൈലി. ബോംബ് ഒരിക്കലും ഇടതുപക്ഷത്തിന്റ കെയർ ഓഫല്ല. ജനങ്ങളാണ് ഇടതുപക്ഷത്തിന് പിന്നിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ ബോംബ് സ്ഫോടനത്തെ തള്ളി പറഞ്ഞിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ പങ്കെടുക്കരുതെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ രേഖ അവതരിപ്പിച്ച പാർട്ടിയാണ് സിപിഎമ്മെന്നും ഗോവിന്ദൻ മാസ്റ്റർ അറിയിച്ചതായി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ചില നേതാക്കളുടെ കുബുദ്ധി കാരണമാണ് രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുന്നത്. മുംബൈയിൽ ചേർന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ആനി രാജ വയനാട്ടിൽ മത്സരിക്കുന്നതിനെ കുറിച്ചു കോൺഗ്രസ് ഉയർത്തുന്ന വാദമുഖങ്ങൾ കഴമ്പില്ലാത്തതാണെന്നും ബിജെപിയെ എതിർക്കുന്ന കാര്യത്തിൽ കോൺഗ്രസിന് ഇപ്പോഴും ഇരട്ടതാപ്പാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

