തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മോദിയുടെ ഗ്യാരണ്ടിക്ക് ചാക്കിന്റെ വിലയാണെന്ന് അദ്ദേഹം പറഞ്ഞു. സിഎഎ നിയമത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അധികാരത്തിൽ വന്നാൽ ആദ്യ ക്യാബിനറ്റ് തന്നെ സിഎഎ നിയമം എടുത്തുകളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഇടുക്കി രൂപതയുടേത് തെറ്റായ രീതിയാണെന്നും സംസ്ഥാനത്തെ അപമാനിക്കുന്നതാണ് സിനിമയെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. വിദ്യാർഥികൾക്കായി സിനിമ പ്രദർശിപ്പിച്ച സമീപനം ശരിയല്ല. കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളാണ് സിനിമയിലുള്ളതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ആഭ്യന്തര വകുപ്പിന്റെ കസേരയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം ആഭാസങ്ങളെ പ്രോത്സാഹിപ്പിക്കരുത്. ഒരു സീറ്റ് പോലും ഇത്തവണ ജയിക്കാൻ പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

