മദ്യനയ കേസ്; കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി: ബിആർഎസ് നേതാവും കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയ്ക്ക് തിരിച്ചടി. കെ കവിത സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കസ്റ്റഡിയിലാണ് കവിതയിപ്പോൾ.

പതിനാറുകാരനായ മകന് പരീക്ഷാക്കാലമാണെന്നും അമ്മയെന്ന നിലയിൽ തന്റെ സാമീപ്യം മകന്റെ മാനസിക പിന്തുണയ്ക്ക് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കവിത ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകിയത്. എന്നാൽ, കവിതയുടെ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ശക്തമായി എതിർക്കുകയായിരുന്നു. ജാമ്യം അനുവദിച്ചാൽ കവിത തന്റെ സ്വാധീനശേഷി ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് ഇ.ഡി. വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട ചില തെളിവുകൾ കവിത ഇതിനോടകം നശിപ്പിച്ചതായും മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ പ്രധാന സൂത്രധാരകരിൽ ഒരാളാണ് കവിതയെന്നും ഇഡി ആരോപിക്കുന്നു. മദ്യനയ കേസുമായി ബന്ധപ്പെട്ട് മാർച്ച് 15-നാണ് കവിത അറസ്റ്റ് ചെയ്യപ്പെട്ടത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ട് തവണ എൻഫോഴ്‌സ്‌മെന്റ് കവിതയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ, കവിത ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല.