രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാൻ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറി; വി ഡി സതീശൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാൻ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പരാജയ ഭീതിയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികൾക്ക് ബോംബ് നിർമ്മണ പരിശീലനം നൽകുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

ബോംബ് നിർമ്മിച്ചവരെ സി.പി.എം തള്ളിപ്പറഞ്ഞത് തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ്. കൊല്ലപ്പെട്ടയാൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടിയുടെ രക്തസാക്ഷിയാകും. മുൻകാല അനുഭവങ്ങളും അങ്ങനെയാണ്. തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ കലാപ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടർമാരെ ഭയപ്പെടുത്തി പോളിംഗ് ബൂത്തിൽ എത്തിക്കാതിരിക്കാനുള്ള ഗൂഢനീക്കമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇതുകൊണ്ടാന്നും ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. ഭരണത്തുടർച്ചയുടെ ധാർഷ്ട്യത്തിന് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകും. പാനൂരിലെ ബോംബ് നിർമ്മാണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെയാണ് സിപിഎം. പ്രാദേശിക നേതാക്കൾ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിലും സി.പി.എം ഇതുതന്നെയാണ് ചെയ്തത്. കൊലപാതകത്തിൽ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികൾക്ക് രക്ഷാകവചമൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ബോംബ് നിർമ്മിക്കുന്നതിനിടെ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ യഥാർത്ഥത്തിൽ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാൻ സിപിഎം തയാറാകണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒപ്പിട്ട ആർഎസ്എസ്- സിപിഎം കരാർ നിലനിൽക്കുന്ന സാഹചര്യത്തിൽ യുഡിഎഫ്, കോൺഗ്രസ് നേതാക്കളാകാനാണ് സാധ്യതയെന്നാണ് തങ്ങൾ കരുതുന്നത്. ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത, ബോംബ് നിർമ്മിച്ചയാൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത വടകരയിൽ എൽഡി.എഫ് സ്ഥാനാർത്ഥിക്കുമുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.