വയനാട്ടിൽ ലീഗിന്റെ കൊടിയുണ്ടോയെന്ന് സിപിഎം നോക്കണ്ട; കുഞ്ഞാലിക്കുട്ടി

തിരുവല്ല: സിപിഎമ്മിന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വയനാട്ടിൽ രാഹുലിന്റെ റോഡ് ഷോയിൽ പതാക ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പതാക വിവാദത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വയനാട്ടിൽ ലീഗിന്റെ കൊടിയുണ്ടോയെന്ന് സിപിഎം നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തിന്റെ പലയിടത്തും സിപിഎമ്മിന് സ്വന്തം കൊടി കൊണ്ടുപോയി കെട്ടാൻ പോലും പറ്റാത്ത അവസ്ഥയാണ്. കോൺഗ്രസിന്റെ കൊടിക്കൊപ്പം മാത്രമേ അത് കെട്ടാൻ ആകൂവെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ പലയിടത്തും രാഹുൽ ഗാന്ധിക്ക് സിന്ദാബാദ് വിളിക്കാൻ മാത്രമേ സിപിഎമ്മിനാകു. രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ ഇടതുമുന്നണി മാന്യത കാണിക്കുകയായിരുന്നു ചെയ്യേണ്ടത്. അല്ലാതെ കൊടിയുടെ വർത്തമാനം പറഞ്ഞ് രാഹുൽ ഗാന്ധിയെ തഴയുകയല്ല വേണ്ടത്. കൊടി കൂട്ടി കെട്ടിയാലും ഇല്ലെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ പതാകകൾ ഇല്ലായിരുന്നു. ഇതാണ് വിവാദത്തിന് ഇടയാക്കിയത്.