ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി സിപിഎം. ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സിഎഎ റദ്ദാക്കും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങൾ സിപിഎം മുന്നോട്ടു വെയ്ക്കുന്നു. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്നും വാഗ്ദാനമുണ്ട്.
പ്രകടന പത്രിക പ്രകാശനം ചെയ്തത് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പി ബി അംഗങ്ങളും ചേർന്നാണ്. സംസ്ഥാനങ്ങളുടെ ഗവർണറെ തെരഞ്ഞെടുക്കാൻ അതത് മുഖ്യമന്ത്രിമാർ ശുപാർശ ചെയ്യുന്ന സമിതിയെ നിയമിക്കും. സംസ്ഥാന ചെലവിൽ ഗവർണർ കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും. ജിഡിപിയിൽ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് സർക്കാർ ഫണ്ട് ഏർപ്പെടുത്തും. കോർപ്പറേറ്റ് സംഭാവന നിരോധിക്കും. സർക്കാർ മേഖലയിലേതിന് സമാനമായ രീതിയിൽ സ്വകാര്യ രംഗത്തും സംവരണം ഏർപ്പെടുത്തും. ജാതി സെൻസസ് നടപ്പാക്കും. വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് നിയമം കൊണ്ടുവരും. യുഎപിഎയും കള്ളപ്പണ നിരോധന നിയമവും കിരാതമാണ്. ബിജെപിയേയും എൻഡിഎ സഖ്യ കക്ഷികളെയും തോൽപിക്കാൻ ആഹ്വാനം ചെയ്യും. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വർദ്ധിപ്പിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

