ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും കോൺഗ്രസ് എതിർക്കും; വി ഡി സതീശൻ

തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും കേരളത്തിലെ കോൺഗ്രസും യുഡിഎഫും ഒരുപോലെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത്തരം സംഘടനകളുടെ പിന്തുണ സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ യുഡിഎഫിന് നൽകിയിരിക്കുന്ന പിന്തുണയെയും അതേ പശ്ചാത്തലത്തിലാണ് യുഡിഎഫ് കാണുന്നതെന്ന് അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വ്യക്തിപരമായി ആർക്കുവേണമെങ്കിലും യു.ഡി.എഫിന് വോട്ട് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ചെയ്യുന്നത് വ്യക്തിപരമായാണ്. അത് അവരുടെ സ്വാതന്ത്ര്യം. അവർക്ക് ഇഷ്ടമുള്ള രീതിയിൽ വോട്ട് ചെയ്യാം. എല്ലാ ജനവിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് തങ്ങളുടെ ആഗ്രഹം. എന്നാൽ, സംഘടനകളുടെ കാര്യത്തിൽ അങ്ങനെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാക ഇല്ലാത്തതിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിനും പ്രതിപക്ഷ നേതാവ് മറുപടി നൽകി. തങ്ങൾ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ടെന്ന് വി ഡി സതീശൻ വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണ്. ഇത്തവണ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.