ശശി തരൂരിനോടുള്ള കാഴ്ചപ്പാട് മാറി; ജി സുകുമാരൻ നായർ

തിരുവനന്തപുരം: ശശി തരൂരിനോടുള്ള കാഴ്ചപ്പാട് മാറിയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കോൺഗ്രസ് നേതാവും തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥിയുമായ ശശി തരൂർ ഡൽഹി നായർ അല്ലെന്നും അസ്സൽ നായരാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള കാഴ്ച്ചപ്പാട് മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം ഇപ്പോൾ മാറി. അന്ന് തനിക്കുണ്ടായ ഒരു ധാരണ പിശക് താൻ തിരുത്തിയിട്ടുണ്ട്. അസ്സൽ നായരാണെന്ന് താൻ പറഞ്ഞു. അതുകൊണ്ടാണ് അന്ന് അദ്ദേഹത്തെ യോഗത്തിന് വിളിച്ചത്. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ഇതുവരെയുള്ള കാര്യങ്ങൾ ഒന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. ഓരോരുത്തരും അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യുന്നതിനോട് തങ്ങൾക്ക് ഒരു പ്രശ്‌നമില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.