കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. എസ്ഡിപിഐയുമായി വോട്ടിനായി യാതൊരുവിധ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകിയ ശേഷം പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ആര് വോട്ട് ചെയ്യുമെന്ന് പറഞ്ഞാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനാണ് ഓരോരുത്തരും കോൺഗ്രസിന് വോട്ട് ചെയ്യുന്നത്. എന്തിനാണ് വേണ്ടെന്ന് പറയുന്നത്. വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടുന്ന അംഗീകാരവും സ്ഥാനാർത്ഥിയുടെ മിടുക്കുമാണ്. തങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് അവർക്ക് തോന്നിയാൽ ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.
എസ്ഡിപിഐ എന്താ ഈ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയല്ലേ. അവർ ഈ ഭൂമി മലയാളത്തിൽ തന്നെയല്ലേ ജീവിക്കുന്നത്. താൻ രാഷ്ട്രീയപരമായി എതിർക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ സിപിഎം പ്രവർത്തകരുടെ വോട്ട് താൻ വേണ്ടെന്ന് പറയില്ല. തെരഞ്ഞെടുപ്പ് സമയത്ത് ആർക്കും ഏത് സ്ഥാനാർത്ഥിക്ക് വേണ്ടിയും വോട്ട് ചെയ്യാമെന്നും മറ്റൊരു കാര്യവും തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും കെ സുധാകരൻ കുട്ടിച്ചേർത്തു.

