ന്യൂഡൽഹി: ബിജെപി അംഗത്വം സ്വീകരിച്ച് പ്രമുഖ ബോക്സിങ് താരം വിജേന്ദർ സിങ്. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് വിജേന്ദർ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ നിന്നാണ് വിജേന്ദർ ബിജെപിയിലേക്ക് എത്തുന്നത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജേന്ദർ മത്സരിച്ചിരുന്നു. റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഉയർന്ന പീഡന പരാതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിൽ വിജേന്ദർ വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ചിരുന്നു. കർഷകസമരത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് വിജേന്ദർ നേരത്തെ സ്വീകരിച്ചിരുന്നത്.
ഹരിയാനയിലെ ഭിവാനി – മഹേന്ദ്രഗഡ് സീറ്റിൽ ഇത്തവണ മത്സരിക്കാൻ വിജേന്ദർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കോൺഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തത്. ഇതേ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് വിവരം.

