ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനിക്ക് ഞായറാഴ്ച ഭാരതരത്ന സമ്മാനിക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് എൽ കെ അദ്വാനിയ്ക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന സമ്മാനിക്കുന്നത്. പുരസ്കാരം സമ്മാനിക്കാനായി രാഷ്ട്രപതി എൽകെ അദ്വാനിയുടെ വസതിയിൽ എത്തുമെന്നാണ് പുറത്തു വരുന്ന വിവരം. അദ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് രാഷ്ട്രപതി വീട്ടിലേക്ക് എത്തുന്നത്.
ഫെബ്രുവരി 3 -ാം തീയതിയാണ് എൽ കെ അദ്വാനിയ്ക്ക് ഭാരതരത്ന ബഹുമതി നൽകുമെന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ച്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയ പ്രവർത്തകനാണ് അദ്വാനിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. താഴെത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്വാനിയെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
തന്റെ 96-ാം വയസ്സിലാണ് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അദ്വാനിയെ തേടിയെത്തുന്നത്. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അദ്വാനി പ്രവർത്തിച്ചിട്ടുണ്ട്.

