കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത കപ്പൽ മോചിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യൻ നാവികസേന. അറബിക്കടലിലാണ് രക്ഷാ ദൗത്യം നടക്കുന്നത്. ബോട്ടിലെ ജീവനക്കാർ പാകിസ്താൻ സ്വദേശികളാണെന്നാണ് നാവിക സേനയ്ക്ക് ലഭിച്ച വിവരം. ഇറാനിയൻ മത്സ്യബന്ധന കപ്പലായ അൽ-കംബർ 786 ആണ് ആക്രമിക്കപ്പെട്ടത്.

മാർച്ച് 28 വൈകുന്നേരത്തോടെയാണ് കടൽക്കൊള്ളക്കാർ കപ്പലിലേക്ക് അതിക്രമിച്ച് കടന്നതായും സഹായം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ നാവിക സേനയ്ക്ക് വിവരം ലഭിച്ചത്.

തുടർന്ന് രക്ഷാപ്രവർത്തനത്തിനായി നാവിക സേനയുടെ രണ്ട് കപ്പലുകളെ അറബിക്കടലിൽ വിന്യസിച്ചു. ആക്രമണത്തിന് ഇരയായ കപ്പലിൽ ഒമ്പത് സായുധരായ അക്രമികൾ പ്രവേശിച്ചിട്ടുണ്ട്. നിലവിൽ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൊള്ളക്കാരിൽ നിന്നും ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇന്ത്യൻ നാവിക സേന വ്യക്തമാക്കി.