ന്യൂഡൽഹി: ബെംഗളുരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ നിർണായ നീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി. കേസിലെ മുഖ്യപ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ വീതമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ മുസമ്മിൽ ഷെരീഫിനെ ദേശീയ അന്വേഷണ ഏജൻസി പിടികൂടിയിരുന്നു. സ്‌ഫോടനം നടന്ന് 28 ദിവസത്തിനു ശേഷമാണ് അറസ്റ്റ്. മൂന്ന് സംസ്ഥാനങ്ങളിലായി 18 ഇടത്ത് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
കർണാടകയിലെ 12 സ്ഥലങ്ങളിലും തമിഴ്‌നാട്ടിലെ അഞ്ച് സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ ഒരിടത്തുമാണ് എൻഐഎ റെയ്ഡ് നടത്തിയത്. മുസമ്മിൽ ഷെരീഫാണ് രാമേശ്വരം സ്‌ഫോടനത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. ബോംബ് സ്‌ഫോടനത്തിന് ആവശ്യമായ സഹായം ചെയ്തത് ഇയാളായിരുന്നു.
മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരു ബ്രൂക് ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്.

