ന്യൂഡൽഹി: ആംആദ്മി പാർട്ടിക്കെതിരെ വെളിപ്പെടുത്തലുമായി ഖലിസ്ഥാനി ഭീകരനും സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനുമായ ഗുർപത്വന്ത് സിംഗ് പന്നൂ. തെരഞ്ഞെടുപ്പ് ഫണ്ടെന്ന പേരിൽ ഖലിസ്ഥാനി ഗ്രൂപ്പുകൾ ആം ആദ്മി പാർട്ടിക്ക് 16 മില്യൺ യുഎസ് ഡോളർ നൽകിയെന്ന് പന്നുവിന്റെ വെളിപ്പെടുത്തൽ.
ഖലിസ്ഥാനി ഭീകരൻ പ്രൊഫസർ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ ഡൽഹിയിൽ സർക്കാർ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ വിട്ടയക്കാമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നുവെന്നും ഗുർപത്വന്ത് സിംഗ് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 2014-ൽ ന്യൂയോർക്കിലെ ഗുരുദ്വാര റിച്ച്മണ്ട് ഹിൽസിൽ വെച്ച് ഖലിസ്ഥാൻ അനുകൂല സിഖുകാരുമായി കൂടിക്കാഴ്ച നടത്തിയതായി അവകാശപ്പെടുന്ന ഒരു വീഡിയോയും ഗുർപത്വന്ത് സിംഗ് പുറത്തുവിട്ടിട്ടുണ്ട്.
സത്യസന്ധരായ ഇന്ത്യൻ ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്ന അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ കൂട്ടാളികളും സത്യസന്ധരായ ഇന്ത്യൻ ഹിന്ദുക്കളേക്കാൾ അപകടകാരികളാണ്. 2014ൽ മുഖ്യമന്ത്രി പദവി ഇല്ലാതിരുന്ന സമയത്ത് കെജ്രിവാൾ യുഎസിൽ വന്നു. സർക്കാർ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ പ്രൊഫസർ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ മോചിപ്പിക്കുമെന്ന് ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾക്ക് വാഗ്ദാനം നൽകി. എന്നാൽ അയാളെ വിശ്വസിക്കരുതെന്ന് തങ്ങൾ അവരോട് പറഞ്ഞു. ഇപ്പോൾ അയാൾ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷമായി. 2014 മുതൽ ഖലിസ്ഥാൻ അനുകൂല സംഘടനകൾ ഗവൺമെന്റ് രൂപീകരിക്കുന്നതിനായി എഎപിക്ക് 14 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകിയിട്ടുണ്ടെന്നും പന്നൂൻ വ്യക്തമാക്കി.
2022ലെ തെരഞ്ഞെടുപ്പിലും എ എ പി ഖലിസ്ഥാൻ ഫണ്ട് ഉപയോഗിച്ചു. യുഎസ്എ, കാനഡ, യുകെ, ഇയു, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഖലിസ്ഥാൻ അനുകൂല സിഖുകാർ എഎപിക്ക് വൻതോതിൽ ധനസഹായവും പിന്തുണയും നൽകിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ കൂട്ടിച്ചേർത്തു.

