കൊച്ചി: കൊച്ചി നഗരത്തിൽ റസ്റ്റോബാറുകളുടെ എണ്ണം വർദ്ധിക്കുന്നു. ഭക്ഷണവും മദ്യവും സംഗീതവും നൃത്തവും ഒരേ സമയം ആസ്വദിക്കാവുന്ന റസ്റ്റോറന്റും ബാറും ചേർന്ന സംവിധാനമാണ് റസ്റ്റോബാർ. റസ്റ്റോബാറുകൾ ഒരുക്കുന്നത് നിലവിലെ ബാർ ഹോട്ടലുകൾ തന്നെയാണ്.
കുറഞ്ഞ നാളുകൾ കൊണ്ട് ഈ ബാറുകളിൽ സ്ത്രീകളും കുടുംബങ്ങളും ഉൾപ്പെടെയുള്ളവർ ഉപഭോക്താക്കളായെത്തി. റസ്‌റ്റോബാറുകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടന്നത് നല്ല സർവീസും സുരക്ഷിതത്വവും ഉറപ്പുമുള്ള ഇടങ്ങളിലാണ്.
റസ്റ്റോബാറുകൾക്കായി എക്‌സൈസ് വകുപ്പിൽ നിന്ന് പ്രത്യേക ഫീസ് അടച്ച് അനുമതി വാങ്ങണം. എറണാകുളത്തെ കൂടുതൽ പ്രമുഖ ബാർ ഹോട്ടലുകൾ റസ്റ്റോബാറുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. കെടിഡിസിയുടെ കീഴിൽ ബിയർ പാർലർ ലൈസൻസ് മാത്രമുള്ള എറണാകുളം ബോൾഗാട്ടി പാലസ് ഹോട്ടലും ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി 11 വരെ തന്നെയാണ് റസ്റ്റോബാറുകളുടെയും പ്രവർത്തനം.

