കൊല്ലം തീരത്ത് ഇന്ധനപര്യവേക്ഷണം; കരാർ ഒപ്പിട്ട് ഓയിൽ ഇന്ത്യ ലിമിറ്റഡ്

കൊല്ലം: കൊല്ലം തീരത്ത് ഇന്ധനപര്യവേക്ഷണം നടത്താൻ കരാർ ഒപ്പിട്ട് ഓയിൽ ഇന്ത്യ ലിമിറ്റഡ്. യു കെ ആസ്ഥാനമായുള്ള കമ്പനിയുമായാണ് കരാർ. 2024 പകുതിയോടെ പര്യവേഷണം ആരംഭിക്കുമെന്നാണ് വിവരം. 154 ദശലക്ഷം ഡോളറിന്റെ (1287 കോടി) കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. കൊല്ലം ഉൾപ്പെടെ മൂന്ന് ഇന്ത്യൻ തീരങ്ങളിലാണ് പര്യവേക്ഷണം നടത്തുക. കൊല്ലം തീരത്തുനിന്ന് 48 കിലോമീറ്റർ ദൂരത്താണ് പര്യവേഷണം.

പര്യവേക്ഷണം നടത്തുന്ന മറ്റ് സ്ഥാലങ്ങൾ ആന്ധ്രയിലെ അമലാപുരം, കേരള-കൊങ്കൺ മേഖല തുടങ്ങിയവയാണ്. ഈ രണ്ട് സ്ഥലങ്ങളിലും പ്രാരംഭ നടപടികൾ ഡോൾഫിൻ ഡ്രില്ലിങ് എ എസ് കമ്പനി നേരത്തേ പൂർത്തിയാക്കി. ജലനിരപ്പിൽനിന്ന് ആറായിരം മീറ്റർവരെ ആഴത്തിലാണ് പര്യവേക്ഷണത്തിനായി കൂറ്റൻ കിണറുകൾ നിർമിക്കുന്നത്. കൊല്ലം തീരം കേന്ദ്രമാക്കി ഓയിൽ ഇന്ത്യ 2020-ൽ പ്രാഥമിക പര്യവേക്ഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്താണ് ഇപ്പോൾ വിശദമായ പര്യവേക്ഷണം നടത്തുന്നത്.

പര്യവേക്ഷണം നടത്തുന്നത് വാതക-ഇന്ധന സാധ്യതകൾകൂടി പ്രതീക്ഷിച്ചാണെന്നാണ് റിപ്പോർട്ട്. പര്യവേക്ഷണത്തിനുള്ള ഡ്രില്ലറുകൾ, കൂറ്റൻ പൈപ്പുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ സൂക്ഷിക്കാൻ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് ഡ്രില്ലിങ് പൈപ്പുകൾ സംഭരിക്കും. കൊല്ലം പോർട്ടിൽ ഇതിനുള്ള കൂറ്റൻ യാർഡ്, പ്ലാന്റ്, പര്യവേക്ഷണ കപ്പലിനും ചെറുകപ്പലുകൾക്കും ടഗ്ഗുകൾക്കും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, താത്കാലിക ഓഫീസ് മുറി തുടങ്ങിയ സംവിധാനങ്ങൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.