തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സസ്‌പെൻഷൻ ആയ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്ന ആരോപണവും സിദ്ധാർത്ഥന്റെ കുടുംബം മുന്നോട്ടുവെയ്ക്കുന്നുണ്ട്. പ്രതിഷേധങ്ങളുടെ വാമൂടി കെട്ടാനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് സംശയിക്കുന്നു. കഴിഞ്ഞ മാസം 9 നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ അതിന് ശേഷം ഒന്നുമുണ്ടായില്ല. സിബിഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണവുമില്ല. ഇതുവരെ സിബിഐ അന്വേഷണമുണ്ടായിട്ടില്ല. ആന്റി റാഗിംഗ് സ്‌ക്വാഡ് കണ്ടെത്തിയ പ്രതികളെ ഇപ്പോൾ കോളേജിലേക്ക് തിരിച്ചെടുത്തിരിക്കുന്നുവെന്നും കേസ് തേച്ച് മായ്ക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിസിയുടെ തീരുമാനങ്ങൾക്കെതിരെ ഗവർണറെ സമീപിക്കുമെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു. അതേസമയം, സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്തുവിട്ടു. സിദ്ധാർത്ഥ് കോളേജിനുളളിൽ ഒപ്പിടൽ ശിക്ഷയും അനുഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മരിക്കുന്നതിന് മുൻപ് എട്ട് മാസത്തോളം യുവാവ് കോളേജ് യൂണിയൻ പ്രസിഡന്റായ അരുണിന്റെ മുറിയിൽ പോയി ഒപ്പിട്ടിരുന്നുവെന്നാണ് സഹപാഠി നൽകിയിരിക്കുന്ന മൊഴി. പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോകുന്നതിന് തുല്യമായ ശിക്ഷയാണ് സിദ്ധാർത്ഥിന് നൽകിയതെന്നും സഹപാഠി വ്യക്തമാക്കിയിട്ടുണ്ട്.

