അഞ്ചുവർഷത്തിനകം തിരുവനന്തപുരത്തെ രാജ്യത്തെ മുൻനിര വിജ്ഞാന നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷത്തിനകം തിരുവനന്തപുരത്തെ രാജ്യത്തെ മുൻനിര വിജ്ഞാന നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന പുതിയ വിദ്യാഭ്യാസ മാതൃക സ്‌കൂൾ തലം തൊട്ട് നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തെ വിദ്യാഭ്യാസ വികസന സാധ്യതകളെ കുറിച്ച് സംഘടിപ്പിച്ച പൊതുചർച്ചയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായും വിദ്യാർത്ഥികളുമായി രാജീവ് ചന്ദ്രശേഖർ സംവദിച്ചു. മുൻ അംബാസഡർ ടി പി ശ്രീനിവാസൻ പരിപാടിയിൽ മോഡറേറ്റായി. ഗവേഷണം, നൂതനാശയം, വിദ്യാഭ്യാസം എന്നിവയിലൂന്നിയുള്ള വികസനമാണ് തിരുവനന്തപുരത്തിന് വേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന വിദ്യാഭ്യാസ രീതി പുതിയ കാലത്ത് അനിവാര്യമാണ്. സ്‌കൂൾ തലം തൊട്ട് തന്നെ മാറ്റങ്ങളാരംഭിക്കണം. നഗരത്തിലെ 30 സ്‌കൂളുകളെ മികവുറ്റ സ്‌ക്കൂളുകളാക്കുമെന്നും ക്രമേണ ഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്കും ഈ വികസനം വ്യാപിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.