മനുഷ്യനേക്കാൾ മൃഗങ്ങൾക്കു പ്രാധാന്യം നൽകുന്നു; സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്

മാനന്തവാടി: വന്യജീവി ആക്രമണങ്ങൾക്കെതിരെ സിറോ മലബാർ സഭ. മനുഷ്യനേക്കാൾ മൃഗങ്ങൾക്കു പ്രാധാന്യം നൽകുന്നതായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഓശാന ഞായറിനോടനുബന്ധിച്ചു വിശ്വാസികൾക്കു നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചിലർ മനുഷ്യരേക്കാൾ കാട്ടുമൃഗങ്ങൾക്കു പ്രാധാന്യം നൽകുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചില നിലപാടുകൾ കാണുമ്പോൾ അങ്ങനെയാണു തോന്നുന്നത്. കുടിയേറ്റക്കാർ കാട്ടുകള്ളന്മാരല്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്കായി വിശുദ്ധ വാരത്തിൽ സഭ പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിക്കുകയാണ്. അന്തരീക്ഷത്തിൽ ചൂട് വർധിച്ചു വരുമ്പോൾ വന്യജീവികൾ നാട്ടിലേക്കിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുകയാണ്.