ഗുവാഹാത്തി: അസമിലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാർക്ക് നിർദേശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമികളായി അംഗീകരിക്കണമെങ്കിൽ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് കുട്ടികളിൽ കൂടുതൽ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബഹുഭാര്യത്വമടക്കം അസമിന്റെ സംസ്‌കാരമല്ല. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ പാടില്ല. കുട്ടികളെ മദ്രസയിൽ പഠിക്കാൻ അയക്കുന്നതിന് പകരം ഡോകടർമാരും എൻജിനിയർമാരുമാവാൻ പഠിപ്പിക്കണം. കുട്ടികളെ സ്‌കൂളിലേക്കയക്കണം. പിതാവിന്റെ സ്വത്തവകാശം കുട്ടികൾക്ക് നൽകണം. അസം ജനതയുടെ സംസ്‌കാരം ഉൾക്കൊള്ളാൻ ബംഗാളി കുടിയേറ്റ മുസ്ലിം വിഭാഗക്കാരും തയ്യാറാവണം. അങ്ങനെയങ്കിൽ മാത്രമേ അവരെ അസമി പൗരൻമാരായി അംഗീകരിക്കാൻ കഴിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
2011-ലെ സെൻസസ് പ്രകാരം ജമ്മു കശ്മീർ കഴിഞ്ഞാൽ മുസ്ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമാണ് അസം. 34 ശതമാനമാണ് അസമിലെ മുസ്ലിം ജനസംഖ്യ.

