അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകും; അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരണപ്പെട്ട ബിഡിഎസ് വിദ്യാർഥി അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. അദാനി കമ്പനി പ്രതിനിധികൾ അനന്തുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. എം.വിൻസെന്റ് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സഹായം കൊണ്ട് അനന്തുവിൻറെ ജീവന് പകരമാകില്ലെങ്കിലും വിദ്യാഭ്യാസ വായ്പകൾ ഉൾപ്പടെ കടുത്ത സാമ്പത്തിക ബാധ്യതകൾ നിലവിലുള്ള ആ കുടുംബത്തിന് ഒരു ആശ്വാസം പകരുമെന്ന് വിശ്വസിക്കാമെന്ന് വിൻസെന്റ് എംഎൽഎ വ്യക്തമാക്കി.

തുറമുഖത്തേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേ അധ്യാപിക സന്ധ്യാ റാണിക്കും അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. രണ്ടു ദിവസത്തിനകം തുക തീരുമാനിച്ച് അറിയിക്കാമെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്.തുറമുഖ പരിധിക്ക് പുറത്താണ് അപകടം നടന്നതെന്നും നഷ്ടപരിഹാരം നൽകാനാകില്ലെന്നുമായിരുന്നു നേരത്തെ അദാനി കമ്പനി സ്വീകരിച്ചിരുന്ന നിലപാട്.

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സാധനസാമഗ്രികൾ എത്തിക്കുന്ന വാഹന ഗതാഗതത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നിബന്ധനകൾ ഇന്ന് ജില്ലാ കളക്ടർ പുറത്തിറക്കി. ആയത് ക്യത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ അധികാരികളും പൊലീസും ഗതാഗത വകുപ്പും തയ്യാറായാൽ ഇനിയെങ്കിലും ഇതുപോലുള്ള അപകടങ്ങൾ ഒഴിവാക്കപ്പെടാൻ സാധിക്കും.