തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് വികസനവും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കർ. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370ന് മുകളിൽ സീറ്റ് നേടുമെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎ സഖ്യം 400ന് മുകളിൽ സീറ്റ് നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാർ തന്നെ മൂന്നാമതും വരുമെന്ന് എല്ലാ വോട്ടർമാർക്കും അറിയാം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇവിടെ ഇപ്പോൾ ആരും പറയുന്നില്ല. മുന്നിൽ നരേന്ദ്ര മോദിയെന്ന സമാനതകളില്ലാത്ത നേതാവുണ്ട്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി കേന്ദ്ര സർക്കാർ നല്ല ഭരണം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ നരേന്ദ്ര മോദി കേരളീയർക്ക് എത്തിച്ചു. 1.5 കോടി പേർക്ക് സൗജന്യ അരി, 50 ലക്ഷം യുവാക്കൾക്കും സ്ത്രീകൾക്കും മുദ്ര ലോൺ, 35 ലക്ഷം കർഷകർക്ക് കിസാൻ സമ്മാൻ പദ്ധതി, 4 ലക്ഷം സൗജന്യ എൽപിജി കണക്ഷനുകൾ, 20 ലക്ഷം കുടുംബങ്ങൾക്ക് ജൽ ജീവൻ വാട്ടർ കണക്ഷൻ എന്നിവ ലഭ്യമാക്കി. ലോകത്തിൽ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകം നമ്മളെ ഉറ്റുനോക്കുകയാണെന്നും പ്രകാശ് ജാവദേകർ അഭിപ്രായപ്പെട്ടു.
യുഡിഎഫിനും എൽഡിഎഫിനും ഭാവിയില്ല. അവർക്ക് പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ല. അതിനാൽ അവർ അപ്രസക്തമായ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നു. 30 വർഷം വീതം കോൺഗ്രസും എൽഡിഎഫും പശ്ചിമ ബംഗാളിൽ ഭരിച്ചു. ഇപ്പോൾ ബംഗാൾ നിയമസഭയിൽ അവർ വട്ടപൂജ്യമാണ്. സമീപഭാവിയിൽ കേരളത്തിലും ഇതേ അവസ്ഥയാണുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

