ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭാരത് റൈസ് ഇനി രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാകും. സ്റ്റേഷൻ വളപ്പിൽ മൊബൈൽ വാൻ പാർക്കു ചെയ്ത് ഭാരത് അരി വിതരണം ചെയ്യും. പൊതുവിതരണവകുപ്പിന്റെ തീരുമാനത്തിന് റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടർ അനുമതി നൽകി. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂർ നേരമായിരിക്കും വിൽപ്പന നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഭാരത് അരി, ഭാരത് ആട്ട എന്നിവ സ്റ്റേഷനുകളിൽ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി പ്രത്യേകം ലൈസൻസോ ചാർജോ റെയിൽവേ ഈടാക്കില്ല. അതാത് ഡിവിഷണൽ ജനറൽ മാനേജർക്കാവും അരി വിതരണത്തിന്റെ ചുമതല. മാനേജരാണ് വാൻ എവിടെ പാർക്കു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ഭാരത് ആട്ട 27.50 രൂപയ്ക്കുമാണ് വിൽപ്പന നടത്തുന്നത്.
അരിവിൽപ്പനയുമായി ബന്ധപ്പെട്ട് യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദർശനമോ പാടില്ലെന്നും നിബന്ധനയിൽ പറയുന്നു.

