ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

കോട്ടയം: എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിക്കുന്നത്. ഇടുക്കിയിൽ സംഗീത വിശ്വനാഥനും മത്സരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞയാഴ്ച ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിൽ കെ എ ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് സ്ഥാനാർത്ഥികൾ.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ കേരള ഘടകം കൺവീനറുമാണ് തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ചെയർമാൻ, എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം എന്നീ നിലകളും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ്, എസ്എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ അദ്ദേഹം വഹിക്കുന്നുണ്ട്.