കേരളത്തിൽ താമര വിരിയും; അനിൽ ആന്റണി യുവത്വത്തിന്റെ ഊർജമാണെന്ന് പ്രധാനമന്ത്രി

പത്തനംതിട്ട: കേരളത്തിൽ താമര വിരിയുമെന്നാണ് പത്തനംതിട്ടയിലെ അന്തരീക്ഷം കാണുമ്പോൾ മനസ്സിലാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സ്ഥാനാർഥി അനിൽ കെ ആന്റണിയുടെ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ഇത്തവണ കേരളത്തിൽ ബിജെപി രണ്ടക്ക സീറ്റ് നേടും. അനിൽ കെ ആന്റണി യുവത്വത്തിന്റെ ഊർജമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണ് കേരളത്തിൽ മാറിമാറി വരുന്നത്. അതു കേരളത്തിന് എന്തുമാത്രം നഷ്ടമാണു വരുത്തിവയ്ക്കുന്നതെന്നു ജനങ്ങൾക്കറിയാം. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്. എന്നാൽ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ എത്രയോ കോളജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുന്നു. ഇവിടെ സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽനിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന ചക്രം പൊളിക്കണം. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ്. ഇവിടുത്തെ ജനങ്ങളെ ഇരു മുന്നണികളും കബളിപ്പിക്കുന്നു. ഇവർ സംസ്ഥാനങ്ങൾക്ക് എത്രമാത്രം നഷ്ടം നൽകിയെന്നു പരിശോധിച്ചാൽ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളികൾ പുരോഗമന ചിന്തയുള്ളവരാണ്. എന്നാൽ എൽഡിഎഫും യുഡിഎഫും പ്രാചീനചിന്ത വച്ചു പുലർത്തുന്നവരാണ്. പത്തൊൻപതാം നൂറ്റാണ്ടിനെക്കാൾ പിന്നിലാണ് കോൺഗ്രസ് ചിന്തിക്കുന്നത്. എൽഡിഎഫ് ആകട്ടെ കാലഹരണപ്പെട്ട ഉപയോഗശൂന്യമായ ആശയം വച്ചുപുലർത്തുന്നവരാണ്. ഇവർക്ക് ഒരിക്കലും സാംസ്‌കാരികപരമായും പുരോഗമനപരമായും ഉന്നതിയിൽ നിൽക്കുന്ന കേരളത്തിലെ ജനങ്ങളെ മുന്നോട്ടു നയിക്കാനാകില്ല. മുത്തലാഖിനെതിരെ നിയമം വന്നപ്പോൾ അവർ ഒറ്റക്കെട്ടായി എതിർത്തു. ഒബിസി കമ്മിഷനെ പോലും എതിർത്തവരാണ് എൽഡിഎഫും യുഡിഎഫും. സാമ്പത്തികമായി ദുർബലമായി വിഭാഗങ്ങൾക്ക് സംവരണം നൽകാനായി വന്ന നിയമത്തെയും എതിർത്തു. അതാണ് ഇവിടെ എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.