തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ വർഗ്ഗീയ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ. അത് മുഖ്യമന്ത്രി നൽകിയ ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു.
സിഎഎ നടപ്പിലാക്കുന്നതിനെതിരെ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കും. സിഎഎ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. ഇരുവർക്കും വിഷയത്തിൽ ഒരേ സ്വരമാണ്. മതനിരപേക്ഷതയുടെ അടിക്കല്ല് തകർത്തിട്ടും കോൺഗ്രസ് അനങ്ങുന്നില്ല. സിഎഎ വിഷയത്തിൽ നിലപാട് എടുക്കുന്നതിൽ മാത്രമല്ല, നിയമ പോരാട്ടത്തിന് പോലും കോൺഗ്രസ് ഒപ്പമില്ല. സിഎഎക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റത്തിനാണ് സിപിഎം ശ്രമിക്കുന്നത്. സമാന ചിന്താഗതി ഉള്ളവരെ മുഴുവൻ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. കോൺഗ്രസുകാരുടെ കൂടുമാറ്റം സംഘടനാപരമായ അപചയമാണെന്ന് വിമർശിച്ച അദ്ദേഹം ഇലക്ടറൽ ബോണ്ടിൽ പുറത്തുവന്ന വിവരങ്ങൾ ബിജെപി അഴിമതി വ്യാപിപ്പിക്കുന്നതിന്റെ ശക്തമായ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കേരളത്തിൽ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന ഇപി ജയരാജന്റെ പ്രസ്താവന എം വി ഗോവിന്ദൻ തള്ളി. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണ്. പ്രത്യേക സാഹചര്യത്തിലാണ് ഇപി പ്രസ്താവന നടത്തിയത്. അത് വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് ഇപി തന്നെ മറുപടി നൽകും. അത്തരം ആരോപണങ്ങൾ പാർട്ടി ഏറ്റുപിടിക്കേണ്ടതില്ല. വ്യക്തമായ കാഴ്ചപ്പാട് സിപിഎമ്മിനുണ്ട്. ബിജെപി സംസ്ഥാനത്ത് വലിയ കക്ഷിയല്ല. കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടില്ലെന്നും ആലപ്പുഴയിൽ കെസി വേണുഗോപാൽ ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

