ന്യൂഡൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പൗരത്വനിയമ ഭേദഗതി വിജ്ഞാപനം ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയും മുസ്ലിം ലീഗും സുപ്രീം കോടതിയിൽ. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നത് തടയണമെന്നാണ് മുസ്ലിം ലീഗും ഡിവൈഎഫ്ഐയും ആവശ്യപ്പെടുന്നത്.
മറ്റ് മതത്തിൽ പെട്ടവർക്ക് അപേക്ഷ നൽകാൻ അനുമതി നൽകുകയാണെങ്കിൽ മുസ്ലീങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൽ അനുവദിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐയ്ക്കുവേണ്ടി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനാണ് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരിക്കുന്നത്.
ആർക്കെങ്കിലും പൗരത്വം നൽകുന്നതിന് ലീഗ് എതിരല്ല. ഒരു മതത്തിനെ മാത്രം മാറ്റി നിർത്തുന്നതിനെയാണ് എതിർക്കുന്നതെന്നും ലീഗ് ചൂണ്ടിക്കാട്ടി. സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ഡിവൈഎഫ്ഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലീഗ് സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള 250-ഓളം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹർജികളിൽ തീരുമാനമാകുന്നതിന് മുമ്പ് നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകാൻ അനുവദിക്കരുതെന്ന് ലീഗ് ആവശ്യപ്പെട്ടു. സിഎഎ ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വിധിച്ചാൽ അനുവദിക്കുന്ന പൗരത്വം എന്തുചെയ്യുമെന്ന ചോദ്യവും മുസ്ലിം ലീഗ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.

