കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം നിർത്തി വിതരണക്കാർ. കോടികളുടെ കുടിശ്ശിക കിട്ടാത്തതിനെ തുടർന്നാണ് നടപടി. കുടിശ്ശിക തീർക്കാതെ മരുന്ന് നൽകില്ലെന്നാണ് വിതരണക്കാരുടെ നിലപാട്.
രണ്ട് ദിവസത്തിനകം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം പൂർണ്ണമായും തടസ്സപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. എഴുപത്തഞ്ച് ലക്ഷത്തോളം രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക. ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫ്ളൂയിഡിയുകൾ എന്നിവ വാങ്ങിയ ഇനത്തിലാണ് കുടിശ്ശിക നൽകാനുള്ളത്.
കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ മരുന്ന് വിതരണം ചെയ്യുന്ന രാജ്യത്തെ തന്നെ ആരോഗ്യ കേന്ദ്രത്തിലൊന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. എണ്ണായിരം രൂപക്ക് കിട്ടേണ്ട ക്യാൻസർ മരുന്നുകൾ ഇപ്പോൾ മുപ്പതിനായിരം രൂപക്ക് പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗികൾ.
കുടിശ്ശിക തീർത്തില്ലെങ്കിൽ പേസ് മേക്കർ,സ്റ്റൻറ് എന്നിവയുടെ വിതരണവും നിർത്തുമെന്ന നിലപാടിലാണ് വിതരണക്കാർ. കുടിശ്ശിക ഈ മാസം 31 നകം തീർക്കണമെന്നാണ് വിതരണക്കാർ പറയുന്നത്.

