ഒരു സംവിധായകൻ എന്ന നിലയിൽ തനിക്ക് ബ്ലെസിയോട് അളവില്ലാത്ത അസൂയ; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

ഒരു സംവിധായകൻ എന്ന നിലയിൽ തനിക്ക് ബ്ലെസിയോട് അളവില്ലാത്ത അസൂയയുണ്ടെന്ന് വെളിപ്പെടുത്തി നടൻ പൃഥ്വിരാജ്. കൊച്ചിയിൽ നടന്ന ആടുജീവിതം സിനിമയുടെ പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം.

ഒരു സിനിമയ്ക്ക് വേണ്ടി 18 വർഷമാണ് ബ്ലെസി മാറ്റിവെച്ചത്. എന്നാൽ അതൊരിക്കലും തന്നെക്കൊണ്ട് സാധിക്കില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

2008-2009 കാലഘട്ടത്തിൽ ബ്ലെസി ഈ സിനിമ ഏറ്റെടുക്കുമ്പോൾ അന്ന് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു. ഇത്തരമൊരു വിഷൻ പുൾ ഓഫ് ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല. അന്ന് മമ്മൂട്ടി, മോഹൻലാൽ മുതൽ ഏത് നടീനടൻമാരോടും ബ്ലസിയുടെ സിനിമ ചെയ്യണമെന്ന് പറഞ്ഞാൽ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് അദ്ദേഹത്തിന്റെ സിനിമയ്ക്കായി സമയം കണ്ടെത്തുമായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം പതിനെട്ട് വർഷം ഒരു സിനിമയ്ക്കായി മാറ്റി വെച്ചതെന്നും താരം ചൂണ്ടിക്കാട്ടി.

ഇതിനപ്പുറം അർപ്പണ ബോധം ഒരു സംവിധായകന് തന്റെ സിനിമയോട് കാണിക്കാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

സിനിമാ നടനോ, രചയിതാവോ, സംവിധായകനോ ആയിട്ടല്ല ഒരു മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം തന്നെ ഏറ്റവുമധികം സ്വാധീനിച്ചത്. ആടുജീവിതത്തിന്റെ യാത്രക്കിടയിൽ തന്റെ ജീവിതം ഒരുപാട് മാറി. ഒരു നടൻ എന്ന നിലയിൽ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സിനിമാ പ്രവർത്തകനെന്ന നിലയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.