ദേശീയപാത 66; കാസർകോട് മുതൽ തിരുവനന്തപുരം വരെ 11 ഇടത്ത് ടോൾ പ്ലാസകൾ

തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് 11 ഇടത്ത് ടോൾ കേന്ദ്രം തുറക്കും. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്ററാണ് ദേശീയപാത. കാരോട് മുതൽ തലപ്പാടിവരെ പോകുമ്പോൾ കാറിന് ടോൾ 1650 രൂപയായിരിക്കും നൽകേണ്ടി വരിക. അത്രയും തുക തിരികെ വരുമ്പോഴും നൽകണം.

ബസിനും മറ്റ് വാഹനങ്ങൾക്കും ഈ തുകയിലും കൂടാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒരോ ടോൾ പ്ലാസകളും ഉണ്ടാകും. നിലവിൽ തിരുവല്ലത്തെ ടോൾ പ്ലാസയിൽ കാറിനു ഒരു വശത്തേക്ക് 150 രൂപയാണ്. ഫ്‌ളൈഓവറുകൾ കൂടി കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക. അതിനാൽ ഓരോ പ്ലാസയിലും നിരക്ക് വ്യത്യസ്തമായിരിക്കും. തിരുവല്ലത്താണ് നിലവിൽ ടോൾ കൂടുതലായുള്ളത്.

ദേശീയപാതയുടെ നിർമ്മാണം ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി ആകാശപാത, മറ്റു മേല്പാലങ്ങൾ, ബൈപ്പാസ് എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാണ്. പാതയെക്കാൾ കൂടുതൽ പണം പാലം നിർമ്മാണത്തിന് വേണ്ടിവരും. അതുകൊണ്ടാണ് ഉയർന്ന ടോൾനിരക്കെന്നാണ് ദേശീയപാത അധികൃതർ വ്യക്തമാക്കുന്നത്.