വിമാനത്താവളങ്ങളുടെ വിപുലീകരണം; 60,000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിമാനത്താവളങ്ങളുടെ വിപുലീകരണത്തിന് നിക്ഷേപം നടത്താനൊരുങ്ങി അദാനി ഗ്രൂപ്പ്. അടുത്ത 10 വർഷത്തിനുള്ളിൽ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 7 വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60,000 കോടി രൂപ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.

ഈ വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിച്ച് കമ്പനിയുടെ വരുമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് എയർസൈഡിനായി 30,000 കോടി രൂപ ചെലവഴിക്കുമെന്നാണ് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി വ്യക്തമാക്കിയത്.

അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ സിറ്റി സൈഡിന് 30,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം, ഗുവാഹത്തി, ജയ്പൂർ തുടങ്ങിയ വിമാനത്താവളങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. എയർസൈഡ് എന്നത് ബോർഡിംഗ് പാസുകളുള്ള യാത്രക്കാർക്ക് മാത്രം പ്രവേശനം ഉള്ള വിമാനത്താവളത്തിലെ സുരക്ഷിത മേഖലയാണ്. റൺവേകൾ, കൺട്രോൾ ടവറുകൾ, എയർക്രാഫ്റ്റ് മെയിന്റനൻസ്, ഇന്ധനം നിറയ്ക്കൽ തുടങ്ങിയ വിഭാഗമാണ് എയർസൈഡിൽ ഉൾപ്പെടുന്നത്. അതേസമയം ആർക്കും പ്രവേശനം ഉള്ള വിമാനത്താവളത്തിന്റെ പൊതു ഇടമാണ് സിറ്റിസൈഡ്. യാത്രക്കാർക്കായി വിമാനത്താവളത്തിന് ചുറ്റുമുള്ള വാണിജ്യ സൗകര്യങ്ങൾ ഇതിന് കീഴിൽ വരുന്നു.

വിമാനത്താവളങ്ങളുടെ സിറ്റിസൈഡുമായി ബന്ധപ്പെട്ട്, ഹോട്ടലുകൾ, കൺവെൻഷൻ സെൻററുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഭക്ഷണശാലകൾ എന്നിവ ഉൾക്കൊള്ളുന്ന വികസന പദ്ധതിയാണ് അദാനി ഗ്രൂപ്പിന്റെ പരിഗണനയിലുള്ളത്.