വാഷിംഗ്ടൺ: 2022ൽ ആണവയുദ്ധം ഒഴിവാക്കാനായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നിർണായക പങ്കെന്ന് വ്യക്തമാക്കി യുഎസ് റിപ്പോർട്ട്. റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് 2022 അവസാനത്തോടെയാണ് ആണവയുദ്ധ പ്രതിസന്ധിയുടെ വക്കിലെത്തിയത്. ഇത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കളുടെ ഇടപെടലുകൾ സഹായിച്ചുവെന്നാണ് യുഎസ് റിപ്പോർട്ടിൽ പറയുന്നത്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
2022 അവസാനത്തോടെ, റഷ്യ യുക്രൈനിൽ ആണവ ആക്രമണം നടത്താനുള്ള സാധ്യതകൾ മുന്നിൽ കണ്ട് യുഎസ് തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നുവെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. റഷ്യയുടെ ആണവായുധ ആക്രമണ സാധ്യതയെക്കുറിച്ച് ബൈഡൻ ഭരണകൂടം ഗുരുതരമായ ആശങ്കകൾ പങ്കുവെച്ചിരുന്നുവെന്ന് അമേരിക്കൻ വാർത്താ അവതാരകനും മുൻ ഗവൺമെന്റ് ഉദ്യോഗസ്ഥനുമായ ജിം സ്ക്യൂട്ടോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആണവായുധ പ്രയോഗം തടയുന്നതിനായി നിരവധി പദ്ധതികൾ രൂപപ്പെടുത്തുകയും നിരവധി യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. 2022 അവസാനം കെർസൺ ഉൾപ്പെടെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾക്കെതിരെ യുക്രെയൻ സൈന്യം കാര്യമായ മുന്നേറ്റം നടത്തിയപ്പോൾ ആണവായുധ പ്രയോഗ സാധ്യത കൂടുതൽ ഉയർന്നു. റഷ്യൻ സേനയ്ക്ക് നേരിട്ട തിരിച്ചടി സംഘർഷം ആണവയുദ്ധത്തിലേയ്ക്ക് നീങ്ങുമോയെന്ന ആശങ്ക ഉയർന്നിരുന്നു. ആണവ ആക്രമണം നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചുള്ള റഷ്യൻ ഉദ്യോഗസ്ഥരുടെ ചില സംഭാഷണങ്ങളും പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 2022 അവസാനം യുഎസ് അടിയന്തിര നയതന്ത്ര ഇടപെടലുകൾ നടത്തിയിരുന്നു. ആശങ്കകൾ റഷ്യയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ ആണവയുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളും അമേരിക്ക നടത്തിയതായി ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
ചൈനീസ് നേതാവ് ഷി ജിൻപിങ്ങിന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലുകളും പരസ്യ പ്രസ്താവനകളും ഈ പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് വിവരം.

