ഷാഫി പറമ്പിൽ യുഡിഎഫിന്റെ ട്രബിൾ ഷൂട്ടർ; വടകരയിൽ ജയം ഉറപ്പെന്ന് ഷാഫി പറമ്പിൽ

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഷാഫി പറമ്പിൽ യുഡിഎഫിന്റെ ട്രബിൾ ഷൂട്ടറാണെന്ന് അദ്ദേഹം പറഞ്ഞു. ഷാഫിയുടെ കഴിഞ്ഞ നിയോഗം പാലക്കാട്ടായിരുന്നു, ഇപ്പോൾ വടകരയിലാണ്. പാലക്കാട് ബിജെപിയെ തടുത്തത് ഷാഫിയാണെന്നും വടകരയിൽ ഷാഫിക്ക് ജയം ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാഫിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.

ബിജെപിയെ തടയാൻ വേണ്ടിയാണ് കെ മുരളീധരൻ തൃശൂരിലേക്ക് പോയത്. പുലിയെ അതിന്റെ മടയിൽ പോയി പിടിക്കണം. അതാണ് മുരളീധരൻ ചെയ്യുന്നത്. യുഡിഎഫ് അല്ലാതെ ബിജെപിയെ തടയാൻ ആരുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.