തിരുവനന്തപുരം: കേരളത്തിൽ സർക്കാരാശുപത്രികളിലെ രോഗികളിൽ മരുന്നു പരീക്ഷണത്തിന് നീക്കം. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ ഉപദേശക സമിതി നയത്തിന് അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. വിഷയം മന്ത്രിസഭാ യോഗത്തിന് മുന്നിൽ ഉടനെത്തുമെന്നാണ് പുറത്തു വരുന്ന വിവരം,
പുതിയ മരുന്നുകളുടെ പരീക്ഷണത്തിലൂടെ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. രോഗികളിൽ പുതിയ മരുന്നുകൾ പരീക്ഷിക്കാനാണ് നീക്കം. വിദേശ മരുന്നുകളും ഇവയിൽ ഉണ്ടാകും. മെഡിക്കൽ കോളേജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും പരീക്ഷിക്കും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ ആരോഗ്യശാസ്ത്ര ഗവേഷണ നയം അംഗീകരിക്കാനാണ് സർക്കാർ നീക്കം. എന്നാൽ, കേന്ദ്രനിയന്ത്രണത്തിലുള്ള മരുന്നുപരീക്ഷണം സംസ്ഥാനത്തിന് നടത്താനാവില്ലെന്നും സ്വകാര്യാശുപത്രികളിൽ വിദേശസഹായത്തോടെ രഹസ്യമായി നടക്കുന്ന പരീക്ഷണത്തിന് ഡേറ്റ നൽകാനുള്ള നീക്കമാണെന്ന ആരോപണവും ശക്തമാണ്.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് എന്നിവയുടെ നേതൃത്വത്തിൽ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പരീക്ഷണം എന്നാണ് കേന്ദ്ര നിയമം. അനുശാസിക്കുന്നത്. ഇത് അനുസരിച്ച് രോഗവിവരങ്ങളും ജനന, മരണ ഡേറ്റയും കൈമാറുന്നതിന് നിയന്ത്രണമുണ്ട്.

