വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ് സപ്പോർട്ട് നിർത്തലാക്കുന്നു; മൈക്രോസോഫ്റ്റ്

‘വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ്’ സപ്പോർട്ട് നിർത്തലാക്കുകയാണെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ്. ‘വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ്’ എന്നത് വിൻഡോസ് 11 കമ്പ്യൂട്ടറുകളിൽ ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന സപ്പോർട്ട് സിസ്റ്റമാണ്. മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പ്രകാരം 2025 മാർച്ച് അഞ്ചോടെ ഈ ഫീച്ചറുപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഗെയിമുകളും ആപ്ലിക്കേഷനുകളും പ്രവർത്തന രഹിതമാകും. 2022 ലാണ് ഈ ഫീച്ചർ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.

ഫോണിന്റെ സഹായമില്ലാതെ ആൻഡ്രോയിഡ് ആപ്പുകൾ വിൻഡോസ് കമ്പ്യൂട്ടറിൽ പ്രവർത്തിക്കാൻ കഴിയുമെന്നതായിരുന്നു ഈ ഫീച്ചറിന്റെ പ്രത്യേകത. ആമസോൺ ആപ്പ് സ്റ്റോറിൽ നിന്നായിരുന്നു ഇതിലേക്ക് ആൻഡ്രോയിഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരുന്നത്. 2022 മുതൽ വിൻഡോസ് സബ്‌സിസ്റ്റം അപ്‌ഡേറ്റുകൾ കൃതൃമായി കമ്പനി പുറത്തിറക്കിയിരുന്നു.

2023 ഡിസംബറിൽ ആണ് ആൻഡ്രോയിഡ് 13 അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. 2025 വരെ നിലവിലുള്ള ആപ്പുകളും ഗെയിമുകളും പണിമുടക്കില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അതേസമയം വിൻഡോസ് 11 ഉപഭോക്താക്കൾക്ക് ആമസോൺ ആപ്പ് സ്റ്റോറിലും, മൈക്രോസോഫ്റ്റ് സ്റ്റോറിലും ആൻഡ്രോയിഡ് ആപ്പുകൾ ഇനി സേർച്ച് ചെയ്യാൻ കഴിയില്ല. ആൻഡ്രോയിഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള അത്രയും ആപ്ലിക്കേഷനുകൾ ആമസോൺ ആപ്പ് സ്റ്റോറിൽ ലഭിക്കില്ല.