വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് രാഹുൽ ഗാന്ധി. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. കേരളത്തിലെ ക്യാംപസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നതു ഖേദകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. സിദ്ധാർഥൻ .ശോഭനമായ ഒരു ഭാവിയുള്ള വിദ്യാർഥിയായിരുന്നു ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും ഷീബക്കും നീതി കിട്ടണം. ഒരു മകന്റെ ജീവിതം ഇതുപോലെ ഇല്ലാതാകുന്നതു കാണുന്നതിന്റെ ആഘാതവും വേദനയും കൊണ്ട് ഒരു രക്ഷിതാവിനും ഇനി ജീവിക്കേണ്ടി വരരുത്. വിദ്യാർഥികളെ സംരക്ഷിക്കാൻ ചുമതലയുള്ള ഒരു സ്ഥാപനത്തിന്റെ പരാജയം കൂടിയാണ് ഇവിടെ കാണാനാവുന്നതെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു പകരം അവരെ സംരക്ഷിക്കാൻ സർവകലാശാല അധികൃതരും നിയമപാലകരും ശ്രമിച്ചതായി ശ്രദ്ധയിൽപ്പെട്ടു. കേസ് മൂടിവയ്ക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ഈ നീക്കത്തെ അപലപിക്കുന്നു. വ്യാപകമായ ജനരോക്ഷത്തിനുശേഷം മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നതിനാൽ തന്നെ അന്വഷണത്തിലുള്ള വിശ്വാസത്തെ ഇല്ലാതായിട്ടുണ്ട്. പോലീസ് റിമാൻഡ് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിലും സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിൽ നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള ധാർമികമായ കടമ സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വഷണം ആവശ്യമാണെന്ന് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

