ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇനി ഇരട്ടി കരുത്ത്. അയൽ രാജ്യങ്ങളായ ചൈനയുടെയും പാകിസ്ഥാന്റെയും നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയിലേക്ക് നാല് എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്ടറുകൾ എത്തുകയാണ്. മൾട്ടി റോൾ ഹെലികോപ്ടറുകൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകുന്നത് ഫോറിൻ സെയിൽസ് പദ്ധതിയുടെ ഭാഗമായാണ്
രാജ്യത്തെ ആദ്യ എം.എച്ച് 60 ആർ സ്ക്വാഡ്രൻ കമ്മിഷനിംഗിന് മുന്നോടിയായുള്ള അവസാനഘട്ട പരീക്ഷണങ്ങൾ കൊച്ചിയിലെ എഎൻഎസ് ഗരുഡയിൽ പുരോഗമിക്കുന്നുണ്ട്. മാർച്ച് ആറിന് ഹെലികോപ്ടർ കമ്മിഷൻ ചെയ്യും. 24 ഹെലികോപ്ടറുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിൽ ആറെണ്ണം ആദ്യ ഘട്ടത്തിൽ ദക്ഷിണ നാവികസേനയുടെ ഭാഗമായത്. അന്തർവാഹിനി വിരുദ്ധ യുദ്ധം, ഉപരിതല വിരുദ്ധ യുദ്ധം, സെർച്ച് ആൻഡ് റെസ്ക്യൂ, മെഡിക്കൽ ഇവാക്കുവേഷൻ, വെർട്ടിക്കൽ റീപ്ലനിഷ്മെന്റ് എന്നിവയ്ക്കായാണ് ഹെലികോപ്ടർ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ അമേരിക്കയുമായി ഒപ്പുവെച്ചത് 2020 ഫെബ്രുവരിയിലാണ്. രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന ശത്രു രാജ്യത്തിന്റെ അന്തർവാഹിനികളെ മിനിറ്റുകൾക്കകം നശിപ്പിക്കാൻ ഇതിന് കഴിയും. അതേസമയം ശത്രു താവളത്തിൽ കടന്നു ചെന്ന് ആക്രമണം നടത്തി ഒരു പോറലും ഏൽക്കാതെ മടങ്ങിയെത്താനും ഈ ഹെലികോപ്റ്ററിന് കഴിവുണ്ട്. .ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സീഹോക്കിന്റെ വിന്യാസം നാവികസേനയുടെ സമുദ്ര സാന്നിദ്ധ്യം ശക്തിപ്പെടുത്തുമെന്നും സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്നും പ്രതരോധ വൃത്തങ്ങൾ കണക്കാക്കുന്നു.

