ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ സമരം കടുപ്പിച്ച് കർഷകർ. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ തങ്ങി സമരം തുടരുന്ന കർഷകർ മാർച്ച് പത്തിന് രാജ്യവ്യാപകമായി ‘റെയിൽ രോക്കോ’ (തീവണ്ടി തടയൽ) സമരം നടത്തും. സമരത്തിന് ആഹ്വാനം ചെയ്തത് കർഷകനേതാക്കളായ സർവാൻ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ്. മാർച്ച് ആറിന് കർഷകർ സമാധാനപരമായി ഡൽഹിയിലേക്ക് നീങ്ങാനാരംഭിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത പക്ഷം സമരമുറകൾ കടുപ്പിക്കാനാണ് തീരുമാനമെന്ന് കർഷകർ വിശദമാക്കി. ട്രാക്ടർ ട്രോളികളിൽ എത്തിച്ചേരാനാകാത്ത ദൂരസംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ തീവണ്ടി മാർഗമോ മറ്റു ഗതാഗതസംവിധാനങ്ങളോ ഉപയോഗപ്പെടുത്തി ഡൽഹിയിലെത്തിച്ചേരും. മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും കർഷകർ വ്യക്തമാക്കി. ഡൽഹി ചലോ മാർച്ച് തടയാൻ സർക്കാർ എല്ലാ വിദ്യകളും പ്രയോഗിക്കുമെന്നാണ് കർഷകനേതാവ് പാന്ഥർ അറിയിച്ചത്.
ട്രാക്ടറുകളിൽ കർഷകരുടെ യാത്ര സർക്കാർ അനുവദിക്കുമോ എന്നതിനെ ആശ്രയിച്ചാകും കർഷകരുടെ ഡൽഹിയാത്ര തീരുമാനിക്കുക, കർഷകർ അറിയിച്ചു. രാജ്യത്തെ 200 ഓളം സംഘടനകൾ സമരത്തിൽ പങ്കാളികളാകും. തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി സമരം തുടരുമെന്നും കർഷകർ കൂട്ടിച്ചേർത്തു.

