സിദ്ധാർഥന്റെ മരണം; സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർഥന്റെ വീട് സന്ദർശിച്ച് ബിജെപി നേതാവും നടനുമായ സുരേഷ്ഗോപി. ഞായറാഴ്ച രാവിലെയാണ് സുരേഷ്ഗോപി സിദ്ധാർഥിന്റെ മാതാപിതാക്കളെ കാണാൻ വേണ്ടി എത്തിയത്. സിദ്ധാർത്ഥന്റെ മാതാപിതാക്കളെ സുരേഷ് ഗോപി ആശ്വസിപ്പിച്ചു.

കേരളത്തിൽ മറ്റൊരു വിദ്യാർഥിക്കും ഇത്തരത്തിലുള്ള സാഹചര്യമുണ്ടാവരുതെന്നും അതിനുവേണ്ടി കുടുംബത്തോടൊപ്പമുണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി. സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. നികൃഷ്ടവും പൈശാചികവുമായ അവസ്ഥ വിദ്യാർഥി രാഷ്ട്രീയ മേഖലയിൽ എത്രയോ വർഷമായി കാണുന്നു. സിദ്ധാർഥന്റെ മരണത്തിന് പിന്നിലുള്ള സത്യാവസ്ഥ ഉറപ്പായിട്ടും കണ്ടെത്തണം. ക്രൂരമായി ശിക്ഷിക്കപ്പെടണം. സിദ്ധാർഥന്റെ മരണം അധ്യയനത്തിൽ ഏർപ്പെട്ടിരിക്കുന്ന മക്കളുള്ള എല്ലാ അച്ഛനമ്മമാരേയും വേദനിപ്പിച്ചിരിക്കുകയാണ്. ഈയൊരു അവസ്ഥയ്ക്ക് തീർപ്പുകൽപ്പിക്കണം. വലിയ സ്ഫോടനാത്മകമായ തിരിച്ചടി ഇതിനെ പിന്തുണയ്ക്കുന്നവർക്ക് ഉറപ്പായിരിക്കും കിട്ടിയിരിക്കുമെന്നും അതിനൊപ്പം ഒരു പൗരനെന്ന നിലയ്ക്ക് താനും ഒപ്പം നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാലതാമസം കൂടാതെ സിബിഐയെപ്പോലൊരു ഏജൻസി അന്വേഷിക്കണം. ഒളിക്കാനും മറയ്ക്കാനും രക്ഷിക്കാനുമൊന്നുമില്ലെങ്കിൽ ഉറപ്പായിട്ടും ആവശ്യപ്പെടുന്നതിന് മുമ്പ് സർക്കാർ അത് കോടതിയിൽ സമ്മതിക്കും. രാഷ്ട്രീയ ലാഞ്ചനയുടെ പുറത്ത് പിന്തുണയ്ക്കാനും തെളിവ് നശിപ്പിക്കാനും പ്രതികൾക്ക് കുടപിടിക്കാനും നടക്കുന്ന സമൂഹമുണ്ടെങ്കിൽ അവരാണ് ശരിയായ ആസൂത്രകർ. രാജാവ് കള്ളനല്ലെന്ന് ആദ്യം വിശ്വാസം വരണം.ആദ്യം അറസ്റ്റുചെയ്യേണ്ടത് വൈസ് ചാൻസലറേയാണെന്നും ക്രിമിനൽസൊക്കൊയാണോ ഇപ്പോൾ വിസിയും ഡീനുമൊക്കെയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.