തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാനുള്ള ആലോചനകൾ നടക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ സംസ്ഥാനത്തിന് പിടിച്ചു നിൽക്കാൻ കഴിയൂ. കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചർച്ചയ്ക്കുള്ള ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഇപ്പോൾ ശമ്പളം ലഭിച്ചിരിക്കുന്നത്. ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർക്ക് ശമ്പളം ലഭിച്ചു. ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടമില്ലാത്തതാണ് ഇതിന് കാരണം.
ഭൂരിഭാഗം സർക്കാർ ജീവനക്കാർക്കും എംപ്ലോയീസ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് പണം കൈകാര്യം ചെയ്യാൻ കഴിയാത്തത്. എന്നാൽ, പെൻഷൻ വിതരണത്തിന് നിലവിൽ പ്രതിസന്ധിയില്ല. നാളെയോടെ ശമ്പള വിതരണം നടന്നില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ജീവനക്കാർ തീരുമാനിച്ചിരിക്കുന്നത്.

