സർക്കാരുമായി ആലോചിക്കാതെയുള്ള നടപടി; ഗവർണർക്കെതിരെ മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴ: ഗവർണർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി ചിഞ്ചുറാണി. വയനാട് വെറ്ററിനറി സർവകലാശാല വിസിയെ സസ്‌പെന്റ് ചെയ്ത സംഭവത്തിലാണ് ഗവർണർക്കെതിരെ മന്ത്രി ജെ ചിഞ്ചുറാണി രംഗത്തെത്തിയത്. ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെയായിരുന്നുവെന്നും വിസിയെ സസ്‌പെൻഡ് ചെയ്ത നടപടിയുമായി യോജിക്കാനാകില്ലെന്നും ചിഞ്ചുറാണി പറഞ്ഞു.

വിസിയെ സസ്‌പെൻഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ചെയ്യേണ്ട നടപടികൾ സർവകലാശാല എടുത്ത് കഴിഞ്ഞു. പരാതി കിട്ടിയ 31 പേരിൽ 19 പേർക്കെതിരെയും നടപടിയെടുത്തു. ഗവർണറുടെ നടപടി വകുപ്പ് തല അന്വേഷണം തുടരുന്നതിനിടെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഡീനെ മാറ്റാനുള്ള നിർദ്ദേശം നേരത്തെ നൽകി കഴിഞ്ഞു. മരിച്ചതിനുശേഷം സിദ്ധാർത്ഥനെതിരെ പരാതി നൽകിയ നടപടി ശരിയല്ല. പരാതി ചർച്ച ചെയ്യാൻ ഐസിസി യോഗം ചേർന്നെങ്കിലും നടപടി എടുത്തിട്ടില്ല. സർക്കാർ-ഗവർണർ പോരിന്റെ ഭാഗമാണ് ഗവർണറുടെ നടപടി എന്ന് കരുതുന്നില്ല. ചാൻസലർ എന്ന നിലയിൽ വെറ്ററിനറി സർവകലാശാലയുടെ കാര്യത്തിൽ ഗവർണറുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്നും ചിഞ്ചുറാണി വ്യക്തമാക്കി.